സിനിമയിൽ അവസരങ്ങൾ വാഗ്ദാനം നൽകി തട്ടിപ്പിനിരയാകുന്ന ഒരുപാട് വാർത്തകൾ നമ്മൾ കേട്ടിട്ടുണ്ട്. ബോളിവുഡിലും ഹോളിവുഡിലും അടക്കം സിനിമയിൽ അവസരം ലഭിക്കുന്നതിനായി സംവിധായകർക്കും മുൻനിര നായകന്മാർക്കൊപ്പവും കിടക്ക പങ്കിടേണ്ടി വരുന്ന കാസ്റ്റിംഗ് കൗച്ച് സംവിധാനത്തെ കുറിച്ചും നമുക്കറിയാം. മീ ടൂ പോലുള്ള ക്യാമ്പയിനുകൾ സജീവമായതോടെ ഒരുപാട് പേരാണ് തങ്ങൾക്കുണ്ടായ ദുരനുഭവങ്ങൾ പങ്കുവെച്ചു മുന്നോട്ടു വരുന്നത്.
എത്ര ക്യാംപെയ്നുകൾ ഉണ്ടായാലും ഇതിനൊരു അവസാനം ഉണ്ടാകുന്നില്ല എന്നതാണ് ഇപ്പോൾ പുറത്തു വരുന്ന വാർത്തകൾ സൂചിപ്പിക്കുന്നത്. സ്ത്രീ പുരുഷ ഭേദമന്യേ എല്ലാവരും ഇതിന് ഇര ആകുന്നു. സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് അശ്ലീല ചിത്രത്തിൽ അഭിനയിപ്പിച്ചു എന്ന ആരോപണവുമായി മുന്നോട്ടു വന്നിരിക്കുകയാണ് തിരുവനന്തപുരം വെങ്ങാനൂർ സ്വദേശിയായ യുവാവ്. 26കാരനായ യുവാവിനെ കരാറിന്റെ പേരിൽ കുടുക്കുകയും തുടർന്ന് അശ്ലീല ചിത്രത്തിൽ അഭിനയിപ്പിച്ചു എന്നാണ് പരാതി.
യുവാവിന്റെ പരാതിയിന്മേൽ ഒടിടി പ്ലാറ്റ്ഫോമിനും സംവിധാനക്കുമെതിരെ പോലീസ് കേസ് എടുത്തിരിക്കുകയാണ്. വരുന്ന ദിവസം ഒടിടി പ്ലാറ്റ്ഫോമിൽ ഈ ചിത്രം റിലീസ് ചെയ്യും എന്നും ഇതോടെ ആത്മഹത്യ അല്ലാതെ മറ്റു മാർഗ്ഗമൊന്നുമില്ല എന്നുമാണ് യുവാവ് പോലീസിൽ നൽകിയ പരാതിയിൽ വ്യക്തമാക്കിയത്. മുഖ്യമന്ത്രിക്കും തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർക്കും യുവാവ് പരാതി നൽകിയിട്ടുണ്ട്.
ഈ കെണിയിൽ നിന്നും തന്നെ രക്ഷിക്കണമെന്നും യുവാവ് അഭ്യർത്ഥിക്കുന്നു. സമൂഹമാധ്യമങ്ങൾ ഇത്രയേറെ സജീവമായിരുന്നിട്ടും നമുക്ക് ചുറ്റുമുള്ള ഇത്തരം വാർത്തകളെ കുറിച്ചുള്ള അറിവുണ്ടായിട്ടും ഇത്തരം സംഭവങ്ങൾ ആവർത്തിച്ചു കൊണ്ടിരിക്കുന്നു. അരുവിക്കരയിലെ ആളൊഴിഞ്ഞ പ്രദേശത്തുള്ള ഒരു കെട്ടിടത്തിൽ ആയിരുന്നു ഷൂട്ടിംഗ്. സിനിമയിൽ അവസരം വാഗ്ദാനം ചെയ്തായിരുന്നു യുവാവിനെ ഇവിടേക്ക് എത്തിച്ചത്.
ആദ്യം കുറച്ചു ഭാഗം ചിത്രീകരിച്ചതിനു ശേഷം കരാർ ഒപ്പിടണമെന്ന് നിർബന്ധിക്കുകയായിരുന്നു. ഇത് വിശ്വസിച്ച യുവാവ് കരാർ ഒപ്പിട്ടു. എന്നാൽ ഇതിനു ശേഷമാണ് അഡൽറ്റ് ഒൺലി ചിത്രത്തിന് വേണ്ടിയാണെന്ന് പറഞ്ഞത് എന്ന യുവാവ് ആരോപിച്ചു. എന്നാൽ ഇതിന് വിസമ്മതിച്ച യുവാവിനോട് 5 ലക്ഷം രൂപ നൽകണമെന്ന് അണിയറ പ്രവർത്തകർ ആവശ്യപ്പെടുകയായിരുന്നു. സംഭവം കേട്ടറിഞ്ഞ വീട്ടുകാർ യുവാവിനെ കൈയൊഴിഞ്ഞതോടെ കൊച്ചിയിലെ സുഹൃത്തിന്റെ വീട്ടിൽ താമസിച്ചു വരികയാണ് യുവാവ്.