മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പുമായി ബന്ധപ്പെട്ടു കൊണ്ടുള്ള വാർത്തകൾ ഇപ്പോഴും ജനങ്ങളെ ആശങ്കയിൽ ആഴ്ത്തുന്നതാണ്. ശക്തമായ മഴ പെയ്യുമ്പോൾ തന്നെ അവിടെ അടുത്തുള്ള പ്രദേശവാസികൾക്കെല്ലാം ആശങ്കയാണ്. മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് 136 അടിയിൽ എത്തി എന്ന മുന്നറിയിപ്പ് തമിഴ്നാട് നൽകി. അതോടുകൂടി ജനങ്ങൾ പരിഭ്രാതരാവുകയും ചെയ്തു. തമിഴ്നാട്ടിൽ കുറച്ചു ദിവസങ്ങളായി കനത്ത മഴയാണ്.
കനത്ത മഴയെ തുടർന്ന് മുല്ലപ്പെരിയാർ ഡാമിലെ വെള്ളം കൊണ്ടുപോകുന്ന നിരക്ക് കുറക്കുകയും ചെയ്തു. ജലം കൊണ്ടുപോകുന്ന നിരക്ക് കുറച്ചതാണ് ജലനിരപ്പ് ഉയരാൻ കാരണമായത്. ഇപ്പോഴും കനത്ത മഴ തുടരുകയാണ്. ന്യൂനമർദ്ദം കാരണം തമിഴ്നാട്ടിലും കേരളത്തിലും കനത്ത മഴ ഉണ്ടാകും. അതുകൊണ്ടുതന്നെ ഡാമിലെ ജലനിരപ്പ് ഉയരാൻ സാധ്യതയുമുണ്ട്. മുല്ലപ്പെരിയാർ ഡാമിൻ്റെ പരമാവധി സംഭരണശേഷി 142 അടി മാത്രമാണ്.
ഡാമിന് അടുത്തുള്ള വൃഷ്ടിപ്രദേശം ആയ പെരിയാർ വനമേഖലയിൽ 30.4, തേക്കടിയിൽ 38.4 മില്ലിമീറ്ററും മഴയാണ് ലഭിച്ചത്. ജലനിരപ്പ് ഉയർന്നതോടെ തേക്കടി തടാകതീരം മുഴുവൻ വെള്ളത്തിന് അടിയിലാണ്. അണക്കെട്ടിൽ വ്യാഴാഴ്ച വൈകിട്ടത്തെ കണക്ക് പ്രകാരം ജലനിരപ്പ് 135.40 അടി ആയിരുന്നു. വീണ്ടും മഴ ശക്തമായതോടെ നിരപ്പ് കൂടുകയും ചെയ്തു. അതുകൊണ്ട് തന്നെ അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് വർദ്ധിക്കുകയും ചെയ്തു.
നീരൊഴുക്ക് സെക്കൻഡിൽ 4118 ഘന അടിയിൽ നിന്ന് 5800 ഘന അടിയായി വർദ്ധിക്കുകയാണ് ചെയ്തത്. എന്നാൽ ആയിരം ഘന അടി ജലം മാത്രമാണ് തമിഴ്നാട്ടിലേക്ക് കൊണ്ടുപോകുന്നത്. തമിഴ്നാട്ടിൽ ശക്തമായ മഴയായതു കാരണം കൊണ്ടുതന്നെ അവിടേക്ക് കൊണ്ടുപോകുന്ന വെള്ളത്തിൻ്റെ അളവ് കുറച്ചതാണ് ജലനിരപ്പ് ഉയരുവാൻ ഉള്ള സാഹചര്യം ഉണ്ടാക്കിയത്. മുല്ലപ്പെരിയാറിൽ നിന്നും ജലം എത്തിക്കുന്ന തമിഴ്നാട്ടിലെ തേനി ജില്ലയിലും ശക്തമായ മഴ പെയ്യുന്നുണ്ട്.
തേനിയിലെ പെരിയകുളത്ത് 67.6, സോത്തുപ്പാറയിൽ 47, ബോഡിനായ്ക്കന്നൂരിൽ 47 മില്ലി മീറ്റർ മഴയും ആണ് ഉണ്ടായത്. എന്നാൽ തേനി ജില്ലയിൽ ഉണ്ടായ ശക്തമായ മഴയെ തുടർന്ന് വൈഗ അണക്കെട്ടിൽ നിന്നും മധുരയിലേക്ക് വെള്ളം തുറന്നു വിട്ടിട്ടുമുണ്ട്. വൈഗ അണക്കെട്ടിൽ 71 അടിയാണ് ജലസംഭരണ ശേഷി. എന്നാൽ അവിടെ ഇപ്പോൾ 67.65 അടി വെള്ളം ഉണ്ട്. വൈഗയിലേക്ക് ഒഴുകിയെത്തുന്ന വെള്ളം സെക്കൻഡിൽ 2477 ഘന അടിയാണ്. ഇവിടെനിന്നും 2099 ഘന അടി മധുരയിലേക്ക് തുറന്നുവിടുന്നുമുണ്ട്.