മലയാളത്തിൽ പ്രവർത്തിച്ചു വരുന്ന ഒരു സംവിധായകനാണ് ഒമർ ലുലു. ഒമർ അബ്ദുൽ വഹാബ് എന്നാണ് ഇദ്ദേഹത്തിന്റെ മുഴുവൻ പേര്. 2016 പുറത്തിറങ്ങിയ ഹാപ്പി വെഡിങ് എന്ന ചിത്രത്തിലൂടെയാണ് ഇദ്ദേഹം ആദ്യമായി സംവിധായകനായി അരങ്ങേറ്റം കുറിച്ചത്. സിജു വിൽസൺ, സൗബിൻ ഷാഹിർ, ഷറഫുദ്ദീൻ എന്നിവർ പ്രധാന കഥാപാത്രങ്ങളായി അഭിനയിച്ച ഹാപ്പി വെഡിങ് എന്ന ഒമർ ലുലുവിന്റെ ആദ്യ ചിത്രം കേരള ബോക്സ് ഓഫീസിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും 100 ദിവസം പിന്നിടുകയും ചെയ്തിരുന്നു.
ഇദ്ദേഹത്തിന്റെ രണ്ടാമത്തെ മലയാള ചിത്രമാണ് ചങ്ക്സ്. 2017 ഓഗസ്റ്റിൽ പുറത്തിറങ്ങിയ ചങ്ക്സിൽ ബാലു വർഗീസ്, ഹണി റോസ് എന്നിവരാണ് പ്രധാന വേഷങ്ങളെ അവതരിപ്പിച്ചത്. ഇദ്ദേഹത്തിന്റെ മൂന്നാമത്തെ ചിത്രമായ ഒരു അടാറ് ലവ് എന്ന സിനിമ ഒരു അന്തർദേശീയ സെൻസേഷനായി മാറിയിരുന്നു. ചിത്രത്തിലെ നായികയായ പ്രിയ വാര്യരെ ചിത്രത്തിലെ ഒരു കണ്ണിറുക്കൽ രംഗത്തിലൂടെ ഇന്റർനെറ്റ് സെൻസേഷണൽ ആക്കി മാറ്റി. നാല് വ്യത്യസ്ത ഭാഷകളിലാണ് ഒരേസമയം ലോകമെമ്പാടും രണ്ടായിരത്തിലധികം തീയറ്ററുകളിൽ ഈ ചിത്രം റിലീസ് ചെയ്തത്.
അത്തരത്തിൽ റിലീസ് ചെയ്യുന്ന ആദ്യത്തെ മലയാള സിനിമ കൂടിയായിരുന്നു ഒരു അടാറ് ലവ്. ഒമർ ലുലുവിന്റെ നാലാമത്തെ ചിത്രമാണ് ധമാക്ക. സിനിമ സംവിധായകനായി മലയാളികൾ അറിയപ്പെടുന്ന ഒമർ ലുലു ഇപ്പോഴിതാ ബിഗ് ബോസ് മലയാളം സീസൺ ഫൈവിലെ ഒരു കണ്ടെസ്റ്റന്റ് കൂടി ആയിരുന്നു. വൈൽഡ് കാർഡ് എൻട്രി ആയിട്ടായിരുന്നു ഒമർ ലുവിന്റെ ബിഗ് ബോസ് ഹൗസിലേക്കുള്ള പ്രവേശനം. രണ്ടാഴ്ച വീടിനുള്ളിൽ തന്റെ സജീവ സാന്നിധ്യം അറിയിച്ച ശേഷം ഒമർ ലുലു ബിഗ് ബോസ് മലയാളം സീസൺ ഫൈവിൽ നിന്നും പോവുകയായിരുന്നു.
ഇപ്പോഴിതാ ഷാർക്ക് ലൈവ് ന്യൂസ് എന്ന ചാനലിന് നൽകിയ ഒരു അഭിമുഖത്തിനിടെ മമ്മൂട്ടിയെ കുറിച്ച് ഒമർ ലുലു സംസാരിച്ച ചില കാര്യങ്ങളാണ് വൈറലായി കൊണ്ടിരിക്കുന്നത്. മമ്മൂട്ടി എന്ന നടന്റെ ഹാർഡ് വർക്കും മറ്റു കാര്യങ്ങളും എല്ലാം തനിക്ക് വളരെയധികം ഇഷ്ടപ്പെടുന്ന ഒന്നാണ് എന്നും എന്നാൽ ഒരിക്കൽ താൻ പുള്ളിയുടെ അടുത്ത് കഥ പറയാൻ ചെന്നപ്പോൾ അദ്ദേഹം ഒന്ന് ഇരിക്കാൻ പോലും പറഞ്ഞില്ല എന്നുമാണ് ഒമർ ലുലു പറയുന്നത്.
ജോർജേട്ടന്റെ കൂടെയായിരുന്നു താൻ മമ്മൂട്ടിയുടെ അടുത്തേക്ക് ചെന്നത് എന്നും അദ്ദേഹത്തിന്റെ അപ്പോൾ ഉണ്ടായിരുന്ന ഒരു ആറ്റിറ്റ്യൂഡ് തനിക്ക് അത്ര ഇഷ്ടപ്പെട്ടില്ല എന്നും ഒമര് ലുലു തുറന്നു പറയുന്നു. തങ്ങൾ അദ്ദേഹത്തിന്റെ അടുത്ത് ചെന്നപ്പോൾ എന്താ കാര്യം എന്ന് ചോദിക്കുകയും ആ സമയത്ത് ഒരു അടാറ് ലവ് എന്ന ചിത്രത്തിലെ മാണിക്യ മലർ എന്ന ഗാനം ഹിറ്റായതിനെ കുറച്ചൊക്കെ ഒത്തിരി സംസാരിച്ചുവെന്നും എന്നാലും ഒത്തിരി നേരമുണ്ടായിട്ടും ഒന്ന് ഇരിക്കാൻ പോലും അദ്ദേഹം പറഞ്ഞില്ല എന്നും ഒമർ ലുലു പറയുന്നു.
ഒരാളുടെ അടുത്തേക്ക് ചെല്ലുമ്പോൾ അയാൾ പറയാതെ നമ്മൾ എങ്ങനെയാണ് ഇരിക്കുക എന്നും ഇദ്ദേഹം ഇത്രയും വലിയ ഒരു സീനിയർ ആർട്ടിസ്റ്റ് ആയിട്ട് അങ്ങോട്ട് ഇരുന്നോട്ടെ എന്ന് ചോദിക്കുന്നത് ബുദ്ധിമുട്ടല്ലേ എന്നും ഒമർ ലുലു പറയുന്നു. പിന്നീട് ഒരു 10 മിനിറ്റ് നേരത്തോളം അവിടെ ചെലവഴിച്ച് തങ്ങൾ തിരിച്ചു വരികയായിരുന്നുവെന്നും ഒമർ കൂട്ടിച്ചേർത്തു. തങ്ങൾ കഥയൊന്നും പറഞ്ഞില്ല എന്നും ഓക്കേ മമ്മൂക്ക എന്ന് പറഞ്ഞുകൊണ്ട് തിരിച്ചു വരികയായിരുന്നു എന്നും ഒമർ ലുലു വ്യക്തമാക്കി.