പലപ്പോഴും വിമർശനങ്ങൾക്കും ട്രോളുകൾക്കും ഇരയായിട്ടുള്ള കന്നട ഭാഷയിൽ നിന്ന് ഇന്ന് ഇന്ത്യ മുഴുവനും ചർച്ച ചെയ്യപ്പെടുന്ന ഒരു സിനിമയായി മാറിയിരിക്കുകയാണ് “കാന്താര”. സിനിമാപ്രേമികൾക്ക് ഒരിക്കലും മറക്കാനാവാത്ത ഒരു ദൃശ്യവിസ്മയം തന്നെയാണ് “കാന്താര” എന്ന് പ്രേക്ഷകർ ഒന്നടങ്കം പറയുന്നു. കേരളത്തിൽ വളരെ കുറച്ചു തിയേറ്ററുകളിൽ മാത്രം റിലീസ് ചെയ്തിരുന്ന ചിത്രം വിജയകരമായി പ്രദർശനം തുടർന്നതോടെ 253 തീയേറ്ററുകളിൽ എത്തിക്കുകയായിരുന്നു.
ചിത്രം മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്‌ത് വിതരണത്തിന് എത്തിച്ചത് മാജിക് ഫ്രെയിംസ് ആണ്. നിരവധി താരങ്ങളും ആളുകളുമാണ് ഈ ചിത്രത്തിനെ പ്രശംസിച്ച് രംഗത്തെത്തിയത്. ദൃശ്യ മികവ് കൊണ്ടും അഭിനയവും കഥയും കൊണ്ടും കന്നട സിനിമയിൽ തന്നെ ഒരു ചരിത്രമായി മാറിയിരിക്കുകയാണ് “കാന്താര”. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെയും ആകാംക്ഷയോടെയും കാത്തിരുന്ന കെജിഎഫ് 2ന്റെ സ്വീകാര്യതയെ പോലും അട്ടിമറിച്ച വിജയമാണ് “കാന്താര” നേടിയത്.
“കാന്താര”യുടെ തിരക്കഥയും സംവിധാനവും ഒരുക്കിയതും നായകൻ ആയ ഋഷബ് ഷെട്ടി തന്നെയാണ്. മലയാളത്തിൽ “കാന്താര” എത്തിച്ചത് പൃഥ്വിരാജ് പ്രൊഡക്ഷൻസ് ആണ്. വിജയങ്ങൾക്കിടയിലും വിവാദത്തിൽ അകപ്പെട്ടിരുന്നു ചിത്രം. ചിത്രത്തിന്റെ റിലീസ് മുതൽ സമൂഹ മാധ്യമങ്ങളിലും എല്ലാ ഓൺലൈൻ പ്ലാറ്റുഫോമുകളിലും ട്രെൻഡിങ് ആയിരിക്കുന്ന ചിത്രത്തിലെ വരാഹരൂപം എന്ന ഗാനം തൈക്കുടം ബ്രിഡ്ജിന്റെ നവരസ എന്ന ഗാനത്തിൽ നിന്നും കോപ്പിയടിച്ചതാണെന്ന് തൈക്കുടം ബ്രിഡ്ജ് പരാതിപ്പെട്ടിരുന്നു.
ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ ആയിരുന്നു തൈക്കുടം ബ്രിഡ്ജ് ഇക്കാര്യം അറിയിച്ചത്. ഇവരുടെ പരാതി സത്യമാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് ചിത്രത്തിൽ നിന്നും ഈ ഗാനത്തിന്റെ ഈണം മാറ്റി ചിട്ടപ്പെടുത്തുകയായിരുന്നു. ഇപ്പോൾ ഇതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. “കാന്താര” എന്ന സിനിമയെ കുറിച്ച് വാതോരാതെ എല്ലാവരും പ്രശംസിക്കുമ്പോൾ ചിത്രത്തിൽ ഒരേ അലർച്ച എല്ലായിടത്തും കയറ്റി റിപ്പീറ്റ് അടിച്ചു അലമ്പാക്കിയതായിട്ടാണ് വ്യക്തിപരമായി തോന്നിയിട്ടുള്ളത് എന്ന് വെളിപ്പെടുത്തുകയാണ് ഷുഹൈൽ തന്റെ കുറുപ്പിലൂടെ.
തീരെ ഇഷ്ടപ്പെടാത്ത ഒരു സിനിമാനുഭവം ആയിരുന്നു “കാന്താര”. ചിത്രത്തിന്റെ മലയാളം റിലീസ് തിയേറ്ററിൽ തന്നെ പോയിട്ടാണ് ഷുഹൈൽ കണ്ടത്. സിനിമയുടെ ആസ്വാദനത്തെ ഏറ്റവും അധികം ബാധിച്ചത് മോശം സംഭാഷണങ്ങൾ തന്നെയാണ്. അത് പാളിയതോടെ സിനിമയുടെ രസച്ചരട് തന്നെ നശിച്ചു. ക്ലൈമാക്സിലെ അലർച്ചെയൊക്കെ അസഹനീയമായി തോന്നി. ഒരേ അലർച്ച തന്നെ എല്ലായിടത്തും കയറ്റി റിപ്പീറ്റടിച്ച് അലമ്പാക്കി എന്നാണ് വ്യക്തിപരമായി അനുഭവപ്പെട്ടത്.
കന്നട സിനിമയിൽ സ്ഥിരം കണ്ടുവരുന്ന ഒരു ടിപ്പിക്കൽ ചിത്രത്തിനെ വ്യത്യസ്തമായി അവതരിപ്പിച്ച ശ്രമം കൊള്ളാം. ചില സ്ത്രീവിരുദ്ധ, മനുഷ്യ വിരുദ്ധ രംഗങ്ങൾ ഒഴിച്ചാൽ എന്തോ ഒരു എലമെന്റ് സിനിമയിലുണ്ട്. എന്നാൽ ചിത്രത്തിന്റെ മലയാളം വേർഷൻ കണ്ടതു കൊണ്ട് അതിന്റെ സത്ത് പൂർണ്ണമായും ലഭിച്ചില്ല. കന്നട പതിപ്പ് കാണണമെന്നുണ്ടെങ്കിലും മലയാളം വേർഷൻ കണ്ടതിന്റെ വിരസത ഓർക്കുമ്പോൾ കാണാനും തോന്നുന്നില്ല എന്നായിരുന്നു ഷുഹൈൽ കുറിച്ചത്. കർണാടകയിലെ പരമ്പരാഗത കലയായ ഭൂതകോലയുടെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയത്. കെജിഎഫ് നിർമിച്ച ഹോംബാലെ ഫിലിംസ് ആണ് കാന്താരയും നിർമ്മിച്ചത്.