ബാലതാരമായി മലയാള സിനിമയിലെത്തി പിന്നീട് നായികയായി തിളങ്ങിയ താരമാണ് മഞ്ജിമ മോഹൻ. 1997 ൽ പുറത്തിറങ്ങിയ “കളിയൂഞ്ഞാൽ” എന്ന ചിത്രത്തിലൂടെ ബാലതാരമായി എത്തിയ മഞ്ജിമ, “മയിൽപീലിക്കാവ്”, “പ്രിയം”, “മധുരനൊമ്പരക്കാറ്റ്”, “സാഫല്യം”, “തെങ്കാശിപ്പട്ടണം” തുടങ്ങി നിരവധി ചിത്രങ്ങളിൽ ബാലതാരം ആയി അഭിനയിച്ചു. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത “ഒരു വടക്കൻ സെൽഫി” എന്ന ചിത്രത്തിലൂടെ നായിക ആയി അരങ്ങേറ്റം കുറിച്ചു മഞ്ജിമ. ചിത്രത്തിൽ നിവിൻ പോളിയുടെ നായികയായി എത്തിയ മഞ്ജിമയ്ക്ക് പിന്നീട് മലയാള സിനിമയിൽ വേണ്ടത്ര അവസരങ്ങൾ ലഭിച്ചില്ല. എന്നാൽ തമിഴിലും തെലുങ്കിലും സജീവമായിരുന്നു താരം. “ഒരു വടക്കൻ സെൽഫി”യിലെ അഭിനയത്തിന് വ്യാപകമായ ട്രോളുകൾക്കും വിമർശനങ്ങൾക്കും ഇരയായിട്ടുണ്ട് താരം. ഇപ്പോഴിതാ തന്റെ പ്രണയം വെളിപ്പെടുത്തിക്കൊണ്ട് മഞ്ജിമ പങ്കുവെച്ച ഏറ്റവും പുതിയ കുറിപ്പാണ് വൈറലാകുന്നത്.
മൂന്ന് വർഷം മുമ്പ് ജീവിതത്തിൽ എല്ലാം നഷ്ടപ്പെട്ട ഘട്ടത്തിൽ കാവൽ മാലാഖയായി വന്ന യുവനടൻ ഗൗതം കാർത്തിക്കുമായുള്ള പ്രണയം വെളിപ്പെടുത്തിയിരിക്കുകയാണ് മഞ്ജിമ. ജീവിതത്തിൽ തകർന്നിരിക്കുന്ന സമയത്ത് എത്രമാത്രം അനുഗ്രഹീതയാണ് താനെന്ന് തിരിച്ചറിയാൻ ഗൗതം സഹായിച്ചു. ജീവിതത്തെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകൾ മാറ്റിയത് ഗൗതം ആണെന്നും മഞ്ജിമ കുറിച്ചു. ജീവിതത്തിന്റെ താളം തെറ്റിയ അവസരങ്ങളിൽ എല്ലാം അതിൽ നിന്നു നീ എന്നെ ഉയർത്തെഴുന്നേൽപ്പിച്ചു.
എന്റെ കുറവുകളെ അംഗീകരിക്കാനും എന്നെ ഞാനായി തന്നെ നിൽക്കുവാനും നീ പഠിപ്പിച്ചു. എല്ലാത്തിനുമുപരി നിന്നിൽ ഞാൻ ഇഷ്ടപ്പെടുന്നത് എന്നെ അറിഞ്ഞുകൊണ്ട് നീ എന്നെ എത്രത്തോളം സ്നേഹിക്കുന്നു എന്നതാണ്. നീ എന്നും എപ്പോഴും എന്റെ ഏറ്റവും പ്രിയപ്പെട്ടതും എല്ലാമെല്ലാമായിരിക്കുമെന്നും മഞ്ജിമ മോഹൻ കുറിച്ചു. ഛായാഗ്രാഹകൻ വിപിൻ മോഹന്റെയും നർത്തകി കലാമണ്ഡലം ഗിരിജയുടെയും മകളാണ് മഞ്ജിമ മോഹൻ.
“എഫ്ഐആർ” ആണ് ഏറ്റവും ഒടുവിൽ പ്രദർശനത്തിനെത്തിയ മഞ്ജിമയുടെ ചിത്രം. പ്രശസ്ത നടൻ കാർത്തിക്കിന്റെ മകനാണ് ഗൗതം കാർത്തിക്. മഞ്ജിമ മോഹനുമായി പ്രണയത്തിലാണ് എന്ന് താരവും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു. സുഹൃത്തുക്കളായിരുന്നു ഇവർ. ആ സൗഹൃദം പിന്നീട് പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നു എന്ന് ഗൗതം കാർത്തിക് പങ്കുവെച്ചിരുന്നു. മണിരത്നം സംവിധാനം ചെയ്ത “കടൽ” എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ താരം ആണ് ഗൗതം.
“എന്നമോ ഏതോ”, “ഇന്ദ്രജിത്ത്” തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട് താരം. എ മുരുഗദോസ് നിർമ്മിക്കുന്ന “ഓഗസ്റ്റ് 14, 1947” ആണ് ഗൗതമിന്റെ ഏറ്റവും പുതിയ ചിത്രം. ചിമ്പു നായകനാകുന്ന “പത്ത് തല” എന്ന ചിത്രത്തിലും ശ്രദ്ധേയമായ വേഷത്തിൽ ഗൗതം കാർത്തിക് എത്തുന്നുണ്ട്. മീര നന്ദൻ, സംയുക്ത മേനോൻ, ജീവ, ആരതി തുടങ്ങി നിരവധി താരങ്ങളും ആരാധകരും ആണ് മഞ്ജിമ മോഹന്റെ കുറുപ്പിന് കീഴിൽ ആശംസകളുമായി രംഗത്തെത്തിയത്.