ഏഷ്യാനെറ്റിലെ റിയാലിറ്റി ഷോ ആയ ബിഗ് ബോസിന്റെ അവതാരകനാകാനുള്ള ഓഫർ നിരസിച്ചതിനെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് മമ്മൂട്ടി ഇപ്പോൾ. തന്റെ തമിഴ് ചിത്രമായ ‘നന്പകൾ നേരത്ത് മയക്കം’ എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായി മാധ്യമങ്ങളുമായുള്ള ഒരു സംവാദത്തിനിടെയാണ് മമ്മൂട്ടി ഇക്കാര്യങ്ങൾ തുറന്നു പറഞ്ഞത്. എന്തുകൊണ്ടാണ് ബിഗ്ബോസ് പോലുള്ള റിയാലിറ്റി ഷോയിലെ ഹോസ്റ്റിന്റെ ഓഫർ വേണ്ടെന്നു വെച്ചത് എന്നായിരുന്നു മാധ്യമപ്രവർത്തകന്റെ ചോദ്യം.
അത് തനിക്ക് അനുയോജ്യമാകുമെന്ന് താൻ കരുതിയില്ല എന്നും ചിലപ്പോൾ അത് അവസാനം തന്നെ ശ്വാസം മുട്ടിക്കുമായിരുന്നു എന്നും മമ്മൂട്ടി മറുപടിയായി പറഞ്ഞു. അവർ തനിക്ക് ഒരു വലിയ ഓഫർ തന്നിരുന്നുവെന്നും നിങ്ങൾക്ക് വേണമെങ്കിൽ അവരോട് ചോദിക്കാമെന്നും മമ്മൂട്ടി കൂട്ടിച്ചേർത്തു.ലോകത്ത് ആരും അത്തരമൊരു ഓഫർ നിരസിക്കുമെന്ന് താൻ കരുതുന്നില്ല എന്നും എന്നാൽ താൻ അങ്ങനെയുള്ള വിഡ്ഢിയായ ഒരാളായിപ്പോയി എന്നും അദ്ദേഹം അഭിമുഖത്തിൽ പറഞ്ഞു.
ബിഗ് ബോസ് ഷോയുടെ തുടക്കം മുതൽ തന്നെ മലയാളത്തിന്റെ സൂപ്പർ സ്റ്റാർ മോഹൻലാൽ ആണ് ഷോയുടെ അവതാരകനായി എത്തിയത്. കഴിഞ്ഞ നാല് സീസണുകളിൽ ഷോ അവതാരകനായി മോഹൻലാൽ മലയാളികൾക്ക് മുന്നിൽ പ്രത്യക്ഷപെട്ടു. വരാനിരിക്കുന്ന സീസണിലും അദ്ദേഹം അത് തുടരുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. 2023 മാർച്ചിൽ അടുത്ത സീസൺ വരുമെന്ന അഭ്യൂഹങ്ങൾക്കിടയിൽ ആണ് നടൻ മമ്മൂട്ടിയുടെ കമന്റ് ശ്രദ്ധ നേടുന്നത്.
മലയാളത്തിലെ ജനപ്രിയ ചാനലുകളിലൊന്നിന്റെ ചെയർമാനാണ് മമ്മൂട്ടി എങ്കിലും അദ്ദേഹം ടിവി ഇൻഡസ്ട്രിയിൽ ഒട്ടും സജീവമായി കണ്ടുവരുന്ന ഒരാളല്ല. വർഷങ്ങൾക്ക് മുമ്പ് അദ്ദേഹത്തിന്റെ പേരിലുള്ള റിയാലിറ്റി ഷോയായ ‘മമ്മൂട്ടി ദി ബെസ്റ്റ് ആക്ടർ’ ഷോയിൽ അവസാനഘട്ട വിധികർത്താവായി മാത്രം അദ്ദേഹം വന്നിരുന്നു. ബിഗ് ബോസ് മലയാളത്തിന്റെ അഞ്ചാം സീസൺ മാർച്ച് അവസാനത്തോടെ ആരംഭിക്കുമെന്നാണ് കരുതപ്പെടുന്നത്. കഴിഞ്ഞ സീസണുകളിലെ പോലെ തന്നെ ഇത്തവണയും മോഹൻലാൽ തന്നെ ആയിരിക്കും ഷോയുടെ അവതാരകനായി എത്തുക എന്ന് പ്രതീക്ഷിക്കാം