മലയാളികളുടെ പ്രിയപ്പെട്ട അമ്മയാണ് കവിയൂർ പൊന്നമ്മ. വട്ട മുഖവും, ചുരുണ്ട മുടിയും, നെറ്റിയിൽ ചുവന്ന വട്ടപ്പൊട്ടും, എപ്പോഴും പുഞ്ചിരിച്ചു കൊണ്ടുള്ള കവിയൂർ പൊന്നമ്മയോട് ഒരു അമ്മയോട് എന്ന പോലുള്ള സ്നേഹമാണ് മലയാളികൾക്ക്. മലയാള സിനിമയിലെ സൂപ്പർതാരങ്ങളുടെ എല്ലാം അമ്മയായി അഭിനയിച്ചിട്ടുള്ള താരം ചെറിയ പ്രായത്തിൽ തന്നെ അമ്മ വേഷങ്ങൾ ചെയ്തിട്ടുണ്ട്. വാർധക്യ സഹജമായ അസുഖങ്ങൾ കാരണം ഇപ്പോൾ അഭിനയരംഗത്ത് സജീവമല്ല താരം.
കെപിഎസി ലളിത, സുകുമാരി തുടങ്ങിയവർ അസൂയയും കുശുമ്പും ദുഷ്ടത നിറഞ്ഞ അമ്മയും അമ്മായി അമ്മയും പോലുള്ള കഥാപാത്രങ്ങൾ ചെയ്തപ്പോൾ പ്രേക്ഷകരുടെ ഇടയിൽ സ്നേഹമയി ആയിട്ടുള്ള അമ്മയായി കവിയൂർ പൊന്നമ്മ നിറഞ്ഞു നിന്നു. നെഗറ്റീവ് ഷെയ്ഡ് ഉള്ള കഥാപാത്രങ്ങൾ ചെയ്യാൻ താല്പര്യം ഉണ്ടായിരുന്നിട്ടു പോലും അവരെ തേടി അത്തരം കഥാപാത്രങ്ങൾ ഒന്നും എത്തിയില്ല. സ്ക്രീനിൽ എല്ലാവർക്കും ഇഷ്ടപ്പെടുന്ന ഒരു അമ്മയായിരുന്ന കവിയൂർ പൊന്നമ്മ യഥാർത്ഥ ജീവിതത്തിൽ ഒരുപാട് ദുഃഖങ്ങൾ അനുഭവിച്ചിട്ടുണ്ട്.
സ്വന്തം മകൾ ബിന്ദു പോലും അമ്മയോട് അകൽച്ച പാലിച്ചിരുന്നു. ജെബി ജംഗ്ഷനിൽ അതിഥിയായി എത്തിയപ്പോഴാണ് ഈ കാര്യം കവിയൂർ പൊന്നമ്മ തുറന്നു പറഞ്ഞത്. ഏക മകൾ ബിന്ദുവിനോട് സംസാരിച്ചിരുന്നു എന്നും അവർക്ക് ഇപ്പോഴും അമ്മയോട് പിണക്കമുണ്ടെന്നും അവതാരകനായ ജോൺ ബ്രിട്ടാസ് പറഞ്ഞപ്പോൾ അതിന്റെ കാരണങ്ങളെക്കുറിച്ച് തുറന്നു സംസാരിക്കുകയായിരുന്നു കവിയൂർ പൊന്നമ്മ.
കവിയൂർ പൊന്നമ്മയുടെ മകൾ അമേരിക്കയിൽ സെറ്റിൽഡ് ആണ്. താരത്തിന്റെ രണ്ടാമത്തെ നാത്തൂന്റെ മകൻ തന്നെയാണ് മകളെ വിവാഹം കഴിച്ചത്. അവർക്ക് രണ്ടു മക്കളാണുള്ളത്. ഒരു അമ്മ എന്ന നിലയ്ക്ക് മകൾക്ക് സ്നേഹം നൽകിയില്ല എന്നാണ് മകളുടെ പരാതി. എന്നാൽ ഒപ്പമിരുന്ന സമയത്തെല്ലാം ഒരുപാട് അധികം മകളെ സ്നേഹിച്ചിട്ടുണ്ടെന്ന് കവിയൂർ പൊന്നമ്മ പറയുന്നു. അന്ന് വീട്ടിൽ എല്ലാവർക്കും ഭക്ഷണം കഴിക്കണമെങ്കിൽ താൻ ജോലിക്ക് പോകണമായിരുന്നു.
കുട്ടിയായിരുന്ന അവൾക്ക് അത് മനസ്സിലാവില്ല എന്ന് വിചാരിക്കാം. എന്നാൽ മുതിർന്നപ്പോഴെങ്കിലും അത് അവൾ മനസ്സിലാക്കണമല്ലോ. ഭയങ്കര വാശി ആണ് മകൾക്കെന്നും താരം പറഞ്ഞു. ഒപ്പം ഉള്ള സമയത്ത് എല്ലാം ഒരുപാട് സ്നേഹം വാരി കോരി കൊടുത്തിട്ടുണ്ടെന്ന് കവിയൂർ പൊന്നമ്മ വ്യക്തമാക്കി. ആ വാശി ഇപ്പോഴുമുള്ളതുകൊണ്ടാണ് മകൾക്ക് ആ പരിഭവം ഇപ്പോഴും മാറാത്തത്. അതിൽ തനിക്ക് ദുഃഖമില്ലെന്നും കവിയൂർ പൊന്നമ്മ പറഞ്ഞു.
സിനിമ തിരക്കുകൾ കാരണം മകളെ നോക്കാൻ പറ്റിയിട്ടില്ല എന്ന് പറയുന്നതിൽ സത്യമുണ്ട്. മുലപ്പാൽ പോലും തനിക്ക് തന്നിട്ടില്ല എന്ന് മകൾ ആരോപിച്ചതിന് മറുപടി നൽകിയിരുന്നു കവിയൂർ പൊന്നമ്മ. പറയാൻ പാടില്ലെങ്കിലും പറയുകയാണെന്ന് പറഞ്ഞു കൊണ്ടായിരുന്നു എട്ടു മാസം വരെ മാത്രമേ മകൾക്ക് പാൽ കൊടുത്തുള്ളൂ എന്ന് താരം തുറന്നു സമ്മതിച്ചത്. അന്ന് “ശിക്ഷ” എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടിരിക്കുകയായിരുന്നു. സത്യനും കവിയൂർ പൊന്നമ്മയും ആയിരുന്നു ജോഡി.
ഒരു കട്ടിലിന് അപ്പുറത്തും ഇപ്പുറത്തും ഇരുന്ന് സംസാരിക്കുന്ന രംഗമായിരുന്നു എടുക്കേണ്ടത്. സംവിധായകൻ സത്യൻ മാഷിന്റെ ചെവിയിൽ എന്തോ അപ്പോൾ വന്നു പറയുന്നുണ്ടായിരുന്നു. ഉടൻ തന്നെ നമുക്ക് രംഗം നാളെ എടുത്താലോ പൊന്നി എന്ന ചോദ്യം. എന്താണ് കാര്യം എന്ന് ചോദിച്ചപ്പോൾ ഇന്ന് വേണ്ട പൊന്നി പൊയ്ക്കോ എന്ന് പറഞ്ഞു നിർബന്ധിച്ചു വിട്ടയച്ചു. ചെയ്തത് ശരിയായില്ലാത്തതു കൊണ്ടാണ് എന്ന് താരം കരുതി. പട്ടുസാരിയായിരുന്നു കവിയൂർ പൊന്നമ്മ അന്ന് ധരിച്ചിരുന്നത്.
റൂമിൽ വന്ന് പട്ടുസാരി മാറാൻ കണ്ണാടിയ്ക്ക് മുന്നിൽ നിന്നപ്പോഴായിരുന്നു മുലപ്പാൽ വീണ് അത് നനഞ്ഞിരിക്കുന്നത് കണ്ടത്. അതുകൊണ്ട് ഞാൻ സ്നേഹിച്ചിട്ടില്ല എന്ന് പറഞ്ഞാൽ അത് സഹിക്കുവാൻ കഴിയില്ലെന്ന് കവിയൂർ പൊന്നമ്മ പറയുന്നു. ഒരുപാട് സ്നേഹം തന്നാണ് സ്വന്തം അച്ഛനും അമ്മയും ഞങ്ങളെ വളർത്തിയത്. അമ്മയെ കുറിച്ച് പറഞ്ഞാൽ ഇപ്പോഴും കരച്ചിൽ വരും. അത്രയും സ്നേഹം നിറഞ്ഞ ഒരു കുടുംബത്തിൽ നിന്ന് വന്നിട്ട് ഇങ്ങനെ കേൾക്കുമ്പോൾ അത് സഹിക്കാൻ കഴിയില്ലെന്ന് കവിയൂർ പൊന്നമ്മ കൂട്ടിച്ചേർത്തു.