വിനയൻ സംവിധാനം ചെയ്ത “ബോയ്ഫ്രണ്ട്” എന്ന ചിത്രത്തിലൂടെ മണിക്കുട്ടന്റെ നായികയായി എത്തിയ താരമാണ് ഹണി റോസ്. പിന്നീട് ചില സിനിമകളിൽ പ്രത്യക്ഷപ്പെട്ടുവെങ്കിലും ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം ഗംഭീര മേക്കോവറോടെ “ട്രിവാൻഡ്രം ലോഡ്ജ്” എന്ന ചിത്രത്തിലെത്തിയതോടെയാണ് ഹണി റോസ് ഏറെ ശ്രദ്ധിക്കപ്പെട്ടത്. പിന്നീട് മലയാള സിനിമയിലെ സൂപ്പർതാരങ്ങളുടെ എല്ലാം നായികയായി തിളങ്ങിയിട്ടുണ്ട് ഹണി റോസ്.
അടുത്ത കാലത്തായി ഇറങ്ങുന്ന മോഹൻലാൽ ചിത്രങ്ങളിലെ സ്ഥിരം സാന്നിധ്യമായി മാറിയിരിക്കുകയാണ് താരം. “കനൽ”, “ഇട്ടിമാണി മെയ്ഡ് ഇൻ ചൈന”, “ബിഗ് ബ്രദർ” തുടങ്ങിയ ചിത്രങ്ങളിൽ മോഹൻലാലിനോടൊപ്പം അഭിനയിച്ചിട്ടുള്ള താരം ലാലേട്ടന്റെ ഏറ്റവും പുതിയ ചിത്രമായ “മോൺസ്റ്റർ” ലും ശ്രദ്ധേയമായ വേഷത്തിൽ എത്തുന്നു. സമൂഹമാധ്യമങ്ങളിൽ വളരെ സജീവമായിട്ടുള്ള താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളും വിശേഷങ്ങളും എല്ലാം നിമിഷം നേരം കൊണ്ട് തന്നെ വൈറലാകാറുണ്ട്.
ഇപ്പോഴിതാ തന്റെ പേരിൽ പ്രചരിക്കുന്ന വ്യാജ വാർത്തകളോട് പ്രതികരിക്കുകയാണ് താരം. ലാലേട്ടന്റെ പേരും ചേർത്ത് തന്റെ പേരിൽ പ്രചരിക്കുന്ന പ്രസ്താവന കണ്ട് ഞെട്ടിയിരിക്കുകയാണ് ഹണി റോസ്. ലാൽ സാർ എന്റെ ജീവിതത്തിൽ പല ഘട്ടങ്ങളിലും ഒരു കൈത്താങ്ങായിരുന്നു എന്ന് ഹണി റോസ് പറഞ്ഞുവെന്ന രീതിയിലുള്ള പ്രചാരണമാണ് സമൂഹമാധ്യമങ്ങളിൽ നടക്കുന്നത്. ഒരു ദിവസം രാവിലെ നോക്കുമ്പോൾ ആരൊക്കെയോ താരത്തിന് ഇതിന്റെ സ്ക്രീൻഷോട്ട് അയക്കുകയായിരുന്നു.
താൻ പറഞ്ഞിട്ടില്ലാത്ത കാര്യം പ്രചരിക്കുന്നത് കണ്ട് അക്ഷരാർത്ഥത്തിൽ ഞെട്ടിയിരിക്കുകയാണ് താരം. ഇങ്ങനെ ഒരു വാചകം എവിടെയും പറഞ്ഞിട്ടില്ല എന്ന് താരം വ്യക്തമാക്കി. അങ്ങനെയൊരു സാഹചര്യവും തന്റെ ജീവിതത്തിൽ ഉണ്ടായിട്ടില്ല എന്നും ഇതൊക്കെ ആരാണ് ഉണ്ടാക്കിവിടുന്നത് എന്ന് അറിയില്ലെന്നും താരം കൂട്ടിച്ചേർത്തു. സിനിമയിലേക്കുള്ള താരത്തിന്റെ യാത്ര പ്രതിസന്ധികൾ നിറഞ്ഞതായിരുന്നു. ഒരുപാട് കഷ്ടപ്പെട്ടും കഠിനാധ്വാനം ചെയ്തിട്ടും തന്നെയാണ് സ്വന്തം കാലിൽ നിൽക്കുന്നതെന്ന് താരം പറഞ്ഞു.
അതുപോലെ ഏറെ ബഹുമാനിക്കുന്ന ലാൽ സറിനെ പോലെ ഒരാളിന് ഈ പ്രസ്താവന കൊണ്ട് എന്തു മാത്രം ബുദ്ധിമുട്ടുണ്ടാകും എന്ന ചിന്ത ഒരുപാട് വിഷമിപ്പിക്കുന്നുണ്ട് എന്നും ഹണി റോസ് പറയുന്നു. ഈ വാർത്ത ലാൽ സാർ കാണുകയാണെങ്കിൽ, ഈ കുട്ടി എന്താണ് പറയുന്നത് എന്ന് അദ്ദേഹം കരുതില്ലേ. വ്യാജ പ്രചരണങ്ങൾക്കെതിരെ ആദ്യം പരാതി കൊടുക്കാം എന്നായിരുന്നു താരം കരുതിയത്. എന്നാൽ ലാൽ സാർ കൂടി ഉൾപ്പെടുന്ന ഒരു കാര്യമായതുകൊണ്ട് ആ ചിന്ത ഉപേക്ഷിക്കുകയായിരുന്നു എന്ന് താരം വ്യക്തമാക്കി.
തന്റെ ഭാഗം വ്യക്തമാക്കുവാൻ ആയി ലാൽ സാറിന് ഒരു മെസ്സേജും അയച്ചു. ഇങ്ങനെ ഒരു വാർത്ത വരുന്നുണ്ട് പക്ഷേ ഞാൻ അങ്ങനെ പറഞ്ഞിട്ടേയില്ല, ഞാനറിഞ്ഞിട്ടു പോലുമില്ല എന്ന് ഹണി റോസ് ലാലേട്ടന് മെസ്സേജ് അയച്ചു. “അത് വിട്ടേക്ക് കുട്ടി, ഇതൊക്കെ പാർട്ട് ഓഫ് ദി ഗെയിം ആണ്. ശ്രദ്ധിക്കാൻ പോകേണ്ട “എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഇതുപോലെ ഒരുപാട് വ്യാജവാർത്തകൾ കണ്ടു മടുത്ത വ്യക്തി ആയിരിക്കും ലാലേട്ടൻ.
എങ്കിലും തനിക്ക് ഇത് നിസ്സാരമായി കാണാൻ കഴിയില്ലെന്നും ഈ വാർത്ത ഒരുപാട് വിഷമിപ്പിച്ചു എന്നും ഹണി റോസ് വ്യക്തമാക്കി. സമൂഹമാധ്യമങ്ങളിൽ ഒരു ഫോട്ടോ പങ്കുവെച്ചാൽ പോലും അതിനടിയിൽ വന്നു ഈ കമന്റ് ഇടുന്ന ആളുകൾ ഉണ്ട് എന്നായിരുന്നു ഹണി റോസ് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്. മൂന്നു വർഷത്തിനു ശേഷം ആണ് ഹണി റോസിന്റെ ഒരു ചിത്രം തിയേറ്ററിൽ എത്തുന്നത്. “മോൺസ്റ്റർ”ലെ ഭാമിനി എന്ന കഥാപാത്രം താരത്തിന്റെ അഭിനയജീവിതത്തിലെ വഴിത്തിരിവ് ആയിരിക്കും. അത്രയേറെ അഭിനയസാധ്യതയുള്ള കഥാപാത്രം ആണ് ഭാമിനി.