ന്യൂസിലാൻഡിനെതിരെ ഉള്ള ടി20 മത്സരത്തിൽ സഞ്ജു സാംസണ് അവസരം നൽകാത്തതിൽ വിശദീകരണവുമായി മുന്നോട്ടു വന്നിരിക്കുകയാണ് ക്യാപ്റ്റൻ ഹർദിക് പാണ്ട്യ. മൂന്നാം ടി20 മത്സരത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ ആയിരുന്നു സഞ്ജു സാംസണ് അവസരം നൽകാത്തതിനെ കുറിച്ച് ഹർദിക് പാണ്ഡ്യ പ്രതികരിച്ചത്. ഇത് ചെറിയ പരമ്പര ആണെന്നും അതുകൊണ്ടാണ് കൂടുതൽ താരങ്ങൾക്ക് അവസരം ലഭിക്കാതിരുന്നത് എന്നും അദ്ദേഹം പങ്കു വെച്ചു.
സഞ്ജുവിനെ കളിപ്പിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നെങ്കിലും പല കാരണങ്ങൾ കൊണ്ട് അത് സാധിച്ചില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ടീം ക്യാപ്റ്റൻ ഹർദിക് പാണ്ട്യയും കോച്ച് ലക്ഷ്മണും ചേർന്ന് ആലോചിച്ചാണ് ടീമിനെ തിരഞ്ഞെടുക്കുന്നത്. ചെറിയ പരമ്പര ആയതുകൊണ്ട് ആണ് അധിക കളിക്കാർക്കും അവസരം ലഭിക്കാത്തത് എന്നും അവസരം ലഭിച്ചവർ വളരെ നല്ല രീതിയിൽ കളിക്കുമ്പോൾ അവർക്ക് തുടർന്നും സാധ്യതയുണ്ടാകുമെന്നും പാണ്ട്യ പറഞ്ഞു.
വലിയ പരമ്പര ആയിരുന്നെങ്കിൽ തീർച്ചയായും കൂടുതൽ പേർക്ക് അവസരം ലഭിക്കുമായിരുന്നു. ടീമിന് ആവശ്യമെന്ന് തോന്നുന്ന ഘട്ടത്തിൽ ആളുകളെ മാറ്റി പരീക്ഷിക്കേണ്ടതുണ്ട്. ആറാമത് ഒരു ബോളറെ ടീമിന് ഈ അവസരത്തിൽ ആവശ്യമാണെന്ന് തോന്നിയപ്പോഴാണ് ദീപക് ഹൂഡയ്ക്ക് അവസരം നൽകിയതെന്ന് ഹർദിക് പാണ്ട്യ മാധ്യമങ്ങളോട് പറഞ്ഞു. സഞ്ജു സാംസണ് അവസരം നൽകാത്തതിൽ വ്യക്തിപരമായ യാതൊരു കാരണങ്ങളും ഇല്ലെന്നും അദ്ദേഹം പറയുന്നു.
ഇതു വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്, പക്ഷേ അത് നിങ്ങൾ കൈകാര്യം ചെയ്യുന്നതു പോലെയിരിക്കും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എല്ലാ താരങ്ങളുമായി എനിക്ക് ഒരേ സമവാക്യമാണ് ഉള്ളത് അതുകൊണ്ട് ഒരു കളിക്കാരനെ തിരഞ്ഞെടുക്കാൻ കഴിഞ്ഞില്ലെങ്കിൽ അത് വ്യക്തിപരമല്ലെന്ന് അവർക്കറിയാം. സാഹചര്യമനുസരിച്ച് ചെയ്യാനുള്ളതാണ് ഇത്. ഞാൻ അവരുടെ ആളാണ്. ആർക്കെങ്കിലും എന്തെങ്കിലും എന്നോട് പറയാനുണ്ടെങ്കിൽ എപ്പോൾ വേണമെങ്കിലും എന്റെ അടുത്ത് വന്ന് പറയാം.
അവർക്ക് എന്തും പങ്കുവയ്ക്കാം എന്നായിരുന്നു ഹാർദിക് പാണ്ട്യ മാധ്യമങ്ങളോട് പറഞ്ഞത്. സഞ്ജുവിന്റെ കാര്യം ദൗർഭാഗ്യകരമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ടീമിൽ ഉണ്ടായിട്ടും മത്സരത്തിൽ കളിക്കാൻ സാധിക്കാത്തതിലുള്ള അവരുടെ വിഷമം തനിക്ക് മനസ്സിലാകുമെന്നും ഇന്ത്യൻ ടീമിൽ അവസരം ലഭിച്ചിട്ടും പ്ലേയിംഗ് ഇലവനിൽ ഉൾപ്പെട്ടില്ല എന്ന് പറയുന്നത് വളരെ ബുദ്ധിമുട്ടുള്ള ഒരു അവസ്ഥ തന്നെയാണ് എന്നും ഹാർദിക് പങ്കുവെച്ചു.
ന്യൂസിലൻഡിന് എതിരെ നടന്ന മൂന്ന് മത്സരങ്ങളിൽ ആദ്യത്തെ മത്സരം മഴ കാരണം തടസ്സപ്പെട്ടിരുന്നു. മൂന്നാമത്തെ മത്സരവും മഴ കാരണം സമനിലയിൽ അവസാനിച്ചപ്പോൾ ഇന്ത്യ പരമ്പര 1-0ന് സ്വന്തമാക്കുകയായിരുന്നു. സഞ്ജു സാംസൺ, ശുഭ് മാൻഗിൽ, കുൽദീപ് യാദവ്, ഉമ്രാൻ മാലിക് എന്നിവരെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ടായിരുന്നെങ്കിലും ഒരു മത്സരത്തിൽ പോലും ഇവർ കളിച്ചിരുന്നില്ല.