ഒരു സിനിമ വിജയിക്കുമ്പോഴും പരാജയപ്പെടുമ്പോഴും അതിന്റെ ലാഭനഷ്ടങ്ങൾ അനുഭവിക്കേണ്ടി വരുന്നത് ചിത്രത്തിന്റെ നിർമ്മാതാക്കളായിരിക്കും. ഇന്ന് സിനിമ മേഖലയിൽ ഒരുപാട് മാറ്റങ്ങളാണ് വന്നിരിക്കുന്നത്. അതിനനുസരിച്ച് തന്നെ നിർമ്മാണ ശൈലിയിലും മാറ്റങ്ങൾ വന്നിട്ടുണ്ട്. അത്തരത്തിലുള്ള മാറ്റങ്ങൾക്ക് തുടക്കം കുറിച്ച സിനിമയായിരുന്നു ദിലീപ് നായകനായി എത്തിയ “പാസഞ്ചർ”.
ഇന്ന് മലയാള സിനിമയിൽ ശ്രദ്ധേയനായ സംവിധായകൻ രഞ്ജിത്ത് ശങ്കർ ആദ്യമായി കഥയും തിരക്കഥയും ഒരുക്കി സംവിധാനം ചെയ്ത ചിത്രമായിരുന്നു “പാസഞ്ചർ”. ദിലീപിനെ കൂടാതെ ശ്രീനിവാസൻ, മംമ്ത മോഹൻദാസ്, ജഗതി ശ്രീകുമാർ, നെടുമുടി വേണു തുടങ്ങി മലയാള സിനിമയുടെ മികച്ച താരങ്ങൾ തന്നെ അണിനിരന്ന ചിത്രമായിരുന്നു “പാസഞ്ചർ”. 2009 ൽ പുറത്തിറങ്ങിയ ചിത്രം നിർമ്മിച്ചത് സിഎസ് പിള്ള ആയിരുന്നു.
ഇപ്പോഴിതാ സിനിമ നിർമ്മിച്ചപ്പോൾ ഉണ്ടായ അനുഭവം വെളിപ്പെടുത്തുകയാണ് സിഎസ് പിള്ള. “പാസഞ്ചർ” എന്ന സിനിമ ചെയ്തതോടെ വന്ന വമ്പൻ സാമ്പത്തിക നഷ്ടങ്ങളെക്കുറിച്ച് ആയിരുന്നു സിഎസ് പിള്ള ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിനിടയിൽ പറഞ്ഞത്. യഥാർത്ഥത്തിൽ ദിലീപിന് പകരം പൃഥ്വിരാജ് ആയിരുന്നു ഈ ചിത്രത്തിൽ നായകൻ ആകേണ്ടിയിരുന്നത്. ശ്രീനിവാസൻ ആയിരുന്നു പൃഥ്വിരാജിനെ നായകൻ ആക്കാൻ നിർദേശിച്ചിരുന്നത്.
അങ്ങനെ ശ്രീനിവാസൻ പറഞ്ഞിട്ട് ആണ് പൃഥ്വിരാജിനെ നിർമ്മാതാവ് ബന്ധപ്പെട്ടത്. കഥ കേട്ട് ഇഷ്ടപ്പെട്ട പൃഥ്വിരാജ് സിനിമ ചെയ്യാമെന്ന് സമ്മതിക്കുകയും ചെയ്തു. എന്നാൽ ചിത്രത്തിന്റെ ഷൂട്ടിംഗ് കുറച്ചു വൈകുകയും പൃഥ്വിരാജിൻ വേറെ ചിത്രങ്ങൾ വന്നതും കൊണ്ടും പൃഥ്വിരാജ് സിനിമയിൽ നിന്നും പിന്മാറി. ഇങ്ങനെ ആണ് “പാസഞ്ചർ”ലേക്ക് ദിലീപ് എത്തുന്നത്. എന്നാൽ ദിലീപ് ചിത്രത്തിലെ നായകനായതോടെ വലിയ സാമ്പത്തിക നഷ്ടമായി മാറുകയായിരുന്നു.
വെറും ആറ് ദിവസം മാത്രമായിരുന്നു ദിലീപിന് ഷൂട്ടിംഗ് ഉണ്ടായിരുന്നത്. എന്നാൽ അതിനു വേണ്ടി വലിയൊരു തുക തന്നെ ദിലീപ് വാങ്ങി. ഇതോടെ ചിത്രത്തിന്റെ മുടക്കു മുതൽ വലിയതോതിൽ ഉയരുകയും ഒന്നേമുക്കാൽ കോടി രൂപയ്ക്ക് തീരേണ്ട ചിത്രം രണ്ടു കോടിയായി മാറുകയും ആയിരുന്നു. ചിത്രത്തിലെ ക്ലൈമാക്സിനുള്ള സെറ്റ് എറണാകുളത്തായിരുന്നു ഇട്ടിരുന്നത്. അത് കണ്ടിട്ടും ദിലീപ് മൂന്നാറിലേക്ക് പോയി. തുടർന്ന് “പാസഞ്ചർ” സിനിമയുടെ മുഴുവൻ ക്രൂവും മൂന്നാറിൽ ചെല്ലുകയും അവിടെ വേറെ സെറ്റ് ഇട്ട് ചിത്രീകരണം പൂർത്തിയാക്കുകയും ആയിരുന്നു.
അതിനാൽ ആ ചിത്രത്തിൽ മുടക്കിയ പണം അല്ലാതെ ലാഭം ഒന്നും കിട്ടിയില്ല എന്ന് നിർമ്മാതാവ് പറയുന്നു. ദുബായ് റിലീസിൽ ലാഭം ഉണ്ടാക്കാൻ കഴിയും എന്ന് പ്രതീക്ഷയുണ്ടായിരുന്നു. എന്നാൽ അതിലും ദിലീപ് ഇടപെട്ടതോടെ കാര്യങ്ങൾ കീഴ്മേൽ മറഞ്ഞു. ദുബായിലെ പ്രൊഡക്ഷൻ കൺട്രോളർ വഴി സംഭവം അറിഞ്ഞ് ദിലീപ് പ്രൊമോഷൻ ഏറ്റെടുത്തതോടെ അതിലും സാമ്പത്തിക ബുദ്ധിമുട്ടുണ്ടായി. ഈ സിനിമയിൽ ദിലീപ് സഹകരിച്ചില്ലായിരുന്നെങ്കിൽ നിർമ്മാതാവ് എന്ന നിലയിൽ എന്തെങ്കിലും ലാഭം കിട്ടുമായിരുന്നു എന്നാണ് അദ്ദേഹം പറയുന്നത്. ഇതുപോലെയുള്ള താരങ്ങളാണ് നിർമ്മാതാക്കളുടെ പതനത്തിന് കാരണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.