പേര് കൊണ്ട് മാത്രമല്ല വ്യത്യസ്തമായ തിയേറ്റർ അനുഭവം കൊണ്ടും പ്രഖ്യാപനം മുതൽ കൗതുകമുണർത്തിയ ചിത്രമാണ് മെഗാസ്റ്റാർ മമ്മൂട്ടി നായകനായ “റോഷാക്ക്”. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇറങ്ങിയത് മുതൽ ഏറെ ചർച്ച ചെയ്യപ്പെട്ട ഒരു സിനിമയായിരുന്നു “റോഷാക്ക്”. പേരിലുള്ള പുതുമ സിനിമയിൽ ഉടനീളം നിലനിർത്തുവാൻ സംവിധായകൻ നിസാം ബഷീറിന് സാധിച്ചിട്ടുണ്ട് എന്നാണ് ചിത്രത്തിനെ കുറിച്ചുള്ള പ്രേക്ഷകരുടെ അഭിപ്രായങ്ങൾ സാക്ഷ്യപ്പെടുത്തുന്നത്.
ആസിഫ് അലി നായകനായ “കെട്ട്യോളാണെന്റെ മാലാഖ” എന്ന ചിത്രത്തിലൂടെ സംവിധായകനായി മാറിയ നിസാം ബഷീർ ആണ് “റോഷാക്ക്” സംവിധാനം ചെയ്തത്. അമേരിക്കൻ പൗരത്വമുള്ള ദുബായിൽ ബിസിനസ് ചെയ്യുന്ന ലൂക് ആന്റണി എന്ന കേന്ദ്ര കഥ മാത്രമായി എത്തുന്നത് മലയാളികളുടെ സ്വന്തം മമ്മൂക്ക ആണ്. സൈക്കോളജിക്കൽ മിസ്റ്ററി ത്രില്ലർ ഗണത്തിൽ പെടുത്താവുന്ന ഈ ചിത്രം മലയാളികൾക്ക് മികച്ച ഒരു ദൃശ്യ വിസ്മയം തന്നെയായിരിക്കും. മമ്മൂട്ടിക്ക് പുറമെ ഷറഫുദ്ദീൻ, ഗ്രേസ് ആന്റണി, ബിന്ദു പണിക്കർ എന്നിവരാണ് ശ്രദ്ധേയമായ വേഷങ്ങൾ ചെയ്യുന്നത്.
ചിത്രത്തിലെ ഓരോ അഭിനേതാക്കളും മികച്ച പ്രകടനം തന്നെയാണ് കാഴ്ചവെച്ചത്. “റോഷാക്ക്”ൽ മമ്മൂക്കയോടൊപ്പം തന്നെ ശ്രദ്ധ പിടിച്ചു പറ്റിയ ഒരു കഥാപാത്രമായിരുന്നു ബിന്ദു പണിക്കർ അവതരിപ്പിച്ച “സീത “. ഒരുപാട് വർഷത്തെ ഇടവേളക്കു ശേഷം ബിന്ദു പണിക്കർ ഗംഭീര തിരിച്ചുവരവ് നടത്തിയ ചിത്രമാണ് “റോഷാക്ക്”. ഒരു കാലത്ത് മലയാളികളെ ഒരുപാട് പൊട്ടി ചിരിപ്പിച്ച താരമാണ് ബിന്ദു പണിക്കർ. നർമം നിറഞ്ഞ കഥാപാത്രങ്ങൾ കൊണ്ട് മലയാളികളുടെ മനസ് കീഴടക്കിയ ബിന്ദു പണിക്കർ, “സൂത്രധാരൻ” എന്ന ചിത്രത്തിലെ ഗൗരവമാർന്ന കഥാപാത്രം കൈകാര്യം ചെയ്തുകൊണ്ട് മലയാളികളെ ഞെട്ടിക്കുകയായിരുന്നു.
എല്ലാ തരം കഥാപാത്രങ്ങളും ഈ കൈകളിൽ ഭദ്രമാണെന്ന് ബിന്ദു പണിക്കർ ഇതോടെ തെളിയിച്ചു. ബിന്ദു പണിക്കരുടെ സിനിമാജീവിതത്തെ പോലെ തന്നെ സുപരിചിതമാണ് മലയാളികൾക്ക് അവരുടെ വ്യക്തിജീവിതവും. ഭർത്താവിന്റെ വിയോഗത്തിനു ശേഷം സായി കുമാറിനെ വിവാഹം ചെയ്തതും തുടർന്നുണ്ടായ വിവാദങ്ങളും എല്ലാം മലയാളികൾ അറിഞ്ഞിട്ടുള്ളതാണ്. ഇപ്പോഴിതാ “റോഷാക്ക്” എന്ന സിനിമയുടെ സെറ്റിൽ നിന്നും എല്ലാവരോടും യാത്ര പറഞ്ഞു പോകുന്ന ബിന്ദു പണിക്കരുടെ വീഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.
ഈ സിനിമയിൽ ദിലീപ് എന്ന കഥാപാത്രത്തിന്റെ വീട് കാണിച്ചിരിക്കുന്ന സെറ്റിൽ വച്ചാണ് സീതയുടെ വേഷത്തിൽ നിന്നും ബിന്ദു പണിക്കർ യാത്ര പറഞ്ഞിറങ്ങുന്നത്. സെറ്റിൽ വെച്ച് മമ്മൂട്ടി, സംവിധായകൻ നിസാം ബഷീർ എന്നിവർ ഉൾപ്പെടെ എല്ലാവരോടും യാത്ര പറഞ്ഞിറങ്ങുമ്പോൾ ബിന്ദുവിന്റെ കണ്ണുകൾ നിറഞ്ഞിരുന്നു. മമ്മൂട്ടിയുടെ നിർമ്മാണ കമ്പനിയായ മമ്മൂട്ടി കമ്പനിയുടെ ഫേസ്ബുക്ക് പേജിലാണ് ഈ വീഡിയോ പുറത്തു വന്നത്. ഒരുപാട് വിഷമത്തോടെ എല്ലാവരോടും യാത്ര പറഞ്ഞ് സംസാരിക്കുന്ന ബിന്ദു പണിക്കരുടെ വീഡിയോ ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ.
ഈ കഥാപാത്രം ചെയ്യാൻ പറ്റുമോ എന്ന വിഷമം ബിന്ദുവിന് ഉണ്ടായിരുന്നു. യുവതലമുറയിലെ സിനിമക്കാരുമായി പ്രവർത്തിച്ചതിന്റെ പരിചയവുമില്ല. എന്നാൽ സെറ്റിൽ എത്തിയതോടെ ഒരുപാട് ഇഷ്ടമായി എന്നും അവർ നൽകിയ ധൈര്യമാണ് ഈ കഥാപാത്രം ചെയ്യാൻ കാരണമായതെന്നും ബിന്ദു പണിക്കർ തുറന്നു പറയുന്നു. താൻ എന്താണ് ചെയ്തത് എന്ന് ഇപ്പോഴും അറിയില്ല എന്നും ഇവിടെ നിന്നു പോകാൻ ഒരുപാട് വിഷമമുണ്ടെന്നും താരം പറയുന്നു.
സീതയെ ഞാൻ ഉദ്ദേശിച്ചതിലും ഗംഭീരമാക്കിയതിന് നന്ദി എന്ന് സംവിധായകൻ നിസാം പറയുന്നു. “റോഷാക്ക്” ഇറങ്ങുന്നതിന് മുമ്പ് തന്നെ പല പ്രൊമോഷൻ പരിപാടികളിൽ, ചിത്രത്തിൽ വരാൻ പോകുന്നത് ബിന്ദു പണിക്കർ എന്ന നടിയുടെ അസാമാന്യ അഭിനയ പ്രകടനമായിരിക്കും എന്ന് മമ്മൂട്ടി പറഞ്ഞിരുന്നു. ആ വാക്കുകൾ അക്ഷരാർത്ഥത്തിൽ സത്യമാകുന്നു കാഴ്ച ആയിരുന്നു സിനിമയിൽ നമ്മൾ കണ്ടത്. ബിന്ദു പണിക്കരുടെ അഭിനയ ജീവിതത്തിലെ നാഴികക്കല്ല് ആയിരിക്കും “റോഷാക്ക് “. ഒക്ടോബർ 7ന് തിയേറ്ററുകളിൽ എത്തിയ “റോഷാക്ക്” ഇതിനോടകം മികച്ച പ്രതികരണങ്ങളോടെ മുന്നേറുകയാണ്.