ബേസിൽ ജോസഫും ദർശന രാജേന്ദ്രനും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് “ജയ ജയ ജയ ജയ ഹേ”. മികച്ച പ്രതികരണങ്ങളോടെ മുന്നേറുകയാണ് ചിത്രം. സമൂഹമാധ്യമങ്ങളിൽ നിറയെ ചിത്രത്തിനെ പ്രശംസിച്ചും അഭിനന്ദിച്ചുകൊണ്ടുള്ള കുറിപ്പുകളാണ്. ഒരുപാട് കാലത്തിനു ശേഷം ഏറെ രസിപ്പിക്കുകയും പൊട്ടിച്ചിരിപ്പിക്കുകയും ചെയ്ത ഒരു മലയാള ചിത്രമാണ് “ജയ ജയ ജയ ജയ ഹേ” എന്ന് പ്രേക്ഷകർ ഒന്നടങ്കം പറയുന്നു. ഇപ്പോഴിതാ ഈ ചിത്രത്തിൽ അഭിനയിച്ച താരങ്ങളെയും സംവിധായകനെയും മറ്റ് അണിയറ പ്രവർത്തകരെയും അഭിനന്ദിച്ചുകൊണ്ട് എഴുത്തുകാരൻ ബെന്യാമിൻ എഴുതിയ കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. “ജയ ജയ ജയ ജയ ഹേ” യുടെ അണിയറ പ്രവർത്തകർക്ക് എതിരെ കേസ് കൊടുക്കണം എന്ന് അദ്ദേഹം പറയുന്നു. സിനിമ കണ്ട് ചിരിച്ചു വയറുളുക്കിയതിന് ആര് നഷ്ട പരിഹാരം തരും എന്നാണ് തമാശ രൂപേണ അദ്ദേഹം തന്റെ കുറിപ്പിൽ ചോദിക്കുന്നത്.
ബേസിൽ- ദർശന എന്നിവർ അടക്കമുള്ളവരുടെ പ്രകടനത്തിനെ പ്രത്യേകം പരാമർശിക്കുകയും ചെയ്തു. ഇവരെ കൂടാതെ സംവിധായകൻ വിപിൻ ദാസിനും സംഘത്തിനും അഭിനന്ദനങ്ങൾ നേരുന്നു ബെന്യാമിൻ. അടുത്ത കാലത്തൊന്നും തിയേറ്റർ ഇങ്ങനെ ഒന്നാകെ ചിരിച്ചു മറിയുന്നത് കണ്ടിട്ടില്ല. ബേസിലിന്റെ രാജേഷ് സൂപ്പർ, ദർശനയുടെ ജയ ഡ്യൂപ്പർ, പക്ഷേ രാജേഷിന്റെ അമ്മയാണ് സൂപ്പർ ഡ്യൂപ്പർ എന്ന് അദ്ദേഹം കുറിപ്പിൽ പങ്കുവെച്ചു. ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളും തങ്ങളുടെ ഭാഗം അത്രയേറെ മികച്ചത് ആയിട്ടാണ് അവതരിപ്പിച്ചത്.
ബെന്യാമിൻ പങ്കുവെച്ച കുറിപ്പിൽ കമന്റുമായി ബേസിലും എത്തി. ചിത്രത്തിലെ ജയ എന്ന ടൈറ്റിൽ കഥാപാത്രമാണ് ദർശന ചെയ്യുന്നത്. ജയയുടെ വിവാഹ ജീവിതത്തിലൂടെയാണ് ചിത്രം കടന്നു പോകുന്നത്. ജയയുടെ ഭർത്താവ് രാജേഷ് ആയി എത്തുന്നത് ബേസിലാണ്. വളരെ ഗൗരവമുള്ള ഒരു വിഷയം നർമ്മത്തിലൂടെ പറഞ്ഞു പോകുന്ന ചിത്രം മികച്ച സ്വീകാര്യതയാണ് നേടുന്നത്. ചിത്രത്തിന്റെ റിലീസിന് മുമ്പ് തന്നെ ടീസറും ട്രെയിലറും പ്രമോഷണൽ പാട്ടും എല്ലാം വൈറൽ ആയിരുന്നു.
നിരവധി പേരാണ് ചിത്രത്തിലെ ഗാനത്തിന് റീൽസ് സമൂഹ മാധ്യമങ്ങളിൽ പങ്കു വെച്ചത്. സിനിമ കാണാൻ എത്തിയ പ്രേക്ഷകരെ എല്ലാരേയും പൊട്ടിച്ചിരിപ്പിക്കുന്ന ഒരു കുടുംബചിത്രം ആണ് “ജയ ജയ ജയ ജയ ഹേ”. അല്പം ചിരിയും ചിന്തയും ഉള്ള ഒരു ഹൃദയഹാരി ആയ കുടുംബചിത്രമാണിത്. പതിഞ്ഞ രീതിയിൽ തുടങ്ങി എല്ലാവരെയും ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന ചിത്രം. ഒരു മിഡിൽ ക്ലാസ് കുടുംബത്തിൽ ജനിക്കുന്ന പെൺകുട്ടിയുടെ ജീവിതത്തിൽ കടന്നുപോകുന്ന കാര്യങ്ങളെ അതിമനോഹരമായി കോർത്തിണക്കിയ ഒരു സിനിമയാണ് “ജയ ജയ ജയ ജയ ഹേ”.