“ഓട്ടോഗ്രാഫ്” എന്ന പരമ്പരയിലൂടെ പ്രേക്ഷക മനസ്സിൽ ഇടംപിടിച്ച താരമാണ് ശ്രീക്കുട്ടി. വിവാഹ ശേഷം അഭിനയത്തിൽ നിന്നും വിട്ടു നിന്ന താരമിപ്പോൾ മിനിസ്ക്രീനിൽ വീണ്ടും സജീവമാണ്. അമൃത ടിവിയിൽ സംപ്രേഷണം ചെയ്തിരുന്ന “കൃഷ്ണകൃപാസാഗരം” എന്ന പരമ്പരയിലൂടെ രാധയായി എത്തിയ ശ്രീക്കുട്ടിയെ മലയാളികൾ മറക്കാനിടയില്ല. മൂന്ന് കൂട്ടുകാരികളുടെ സൗഹൃദത്തിന്റെ കഥ പറഞ്ഞ “വൃന്ദാവനം”, സൂര്യ ടിവിയിൽ സംപ്രേക്ഷണം ചെയ്തിരുന്ന “എന്ന് സ്വന്തം ജാനി” എന്നിങ്ങനെ പ്രേക്ഷകഹൃദയങ്ങളിൽ തങ്ങിനിൽക്കുന്ന ഒട്ടനവധി കഥാപാത്രങ്ങൾ ചെയ്തിട്ടുള്ള താരമാണ് ശ്രീക്കുട്ടി.
ഗുരുവായൂരപ്പന്റെ ഭക്തയായ മഞ്ജുള എന്ന കഥാപാത്രം ശ്രീക്കുട്ടിയുടെ അഭിനയജീവിതത്തിലെ വഴിത്തിരിവ് ആയി മാറുകയായിരുന്നു. വിവാഹ ശേഷം അഭിനയത്തിൽ സജീവമായിരുന്നില്ല താരം. അടുത്തിടെയാണ് ശ്രീക്കുട്ടി ഗംഭീര തിരിച്ചുവരവ് നടത്തിയത്. മിനിസ്ക്രീനിന് പുറമെ വെള്ളിത്തിരയിലും പല പ്രമുഖ താരങ്ങൾക്കൊപ്പം ശ്രീക്കുട്ടി തിളങ്ങിയിട്ടുണ്ട്. അഞ്ചോളം സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്.
പരമ്പരകളിൽ സജീവം ആയതിനാൽ സിനിമയിൽ വേണ്ടത്ര ശ്രദ്ധ കേന്ദ്രീകരിക്കാൻ ശ്രീക്കുട്ടിക്ക് സാധിച്ചില്ല. എട്ടു വർഷം മുമ്പാണ് താരം ക്യാമറാമാൻ മനോജ് കുമാറിനെ വിവാഹം കഴിച്ചത്. വിവാഹത്തിനു ശേഷം ഒരുപാട് വിമർശനങ്ങൾ നേരിടേണ്ടി വന്നു ഇവർക്ക്. ഒരുപാട് വിവാദങ്ങളും വിമർശനങ്ങളും നേരിട്ടു എങ്കിലും ഇപ്പോൾ സന്തുഷ്ടമായ കുടുംബജീവിതം നയിക്കുകയാണ് താരം. ഇവർക്ക് ഒരു മകൾ ആണ് ഉള്ളത്.
സോഷ്യൽ മീഡിയകളിൽ സജീവമായിട്ടുള്ള താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളും വിശേഷങ്ങളും എല്ലാം ആരാധകർ ഏറ്റെടുക്കാറുണ്ട്. എപ്പോഴും വീട്ടമ്മമാരെ ലക്ഷ്യം വെച്ചായിരുന്നു പരമ്പരകൾ വന്നിരുന്നതെങ്കിൽ യുവാക്കൾക്കിടയിൽ ഏറെ ഹരമായി മാറിയ ഒരു പരമ്പരയായിരുന്നു “ഓട്ടോഗ്രാഫ്”. പ്ലസ് ടു വിദ്യാർത്ഥികളുടെ കഥ പറഞ്ഞിരുന്ന മികച്ച സ്വീകാര്യത നേടിയ ഒരു പരമ്പരയായിരുന്നു ഇത്. പരമ്പരയിലെ ഫൈവ് ഫിംഗേഴ്സ് എന്ന ഗ്യാങ്ങും അതിലെ ഓരോ താരങ്ങളെയും പ്രേക്ഷകർ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്.
ഈ പരമ്പരയിൽ മൃദുല എന്ന കഥാപാത്രം അവതരിപ്പിച്ചത് ശ്രീകുട്ടിയായിരുന്നു. ശ്രീക്കുട്ടിയുടെ പ്രണയവും വിവാഹവും വിവാഹ ജീവിതവും എല്ലാം ആരംഭിച്ചത് ഈ പരമ്പരയുടെ ലൊക്കേഷനിൽ നിന്നുമാണ്. ഓട്ടോഗ്രാഫ് സീരിയലിലെ ക്യാമറാമാൻ ആണ് ശ്രീക്കുട്ടിയുടെ ഭർത്താവ് മനോജ് കുമാർ. അതിനു മുമ്പും മനോജും ആയി പ്രവർത്തിച്ചിട്ടുണ്ട് എങ്കിലും അപ്പോഴൊന്നും തോന്നാത്ത ഒരു അടുപ്പമായിരുന്നു ഓട്ടോഗ്രാഫ് എന്ന പരമ്പരയിൽ ചെയ്യുന്ന സമയത്ത് ഉണ്ടായത്.
തമാശയായി ലൊക്കേഷനിൽ വെച്ച് എല്ലാവരും പറഞ്ഞു തുടങ്ങിയ കാര്യം പിന്നീട് ഗൗരവം ആവുകയായിരുന്നു. ഗൗരവക്കാരനായ മനോജിന് ഒരു പണി കൊടുക്കുവാൻ ആയി സെറ്റിൽ ഉള്ളവർ തീരുമാനിച്ചു. അങ്ങനെ ആണ് അദ്ദേഹത്തെ പ്രണയിക്കുന്നതാണ് കൊടുക്കാവുന്ന ഏറ്റവും വലിയ പണി എന്ന് മനസിലാക്കി ശ്രീക്കുട്ടിയെ അതിനായി നിയോഗിച്ചത്. എന്നാൽ കളി കാര്യമാവുകയായിരുന്നു. അങ്ങനെ പതിനെട്ടാമത്തെ വയസിൽ ഒളിച്ചോടി വിവാഹം കഴിക്കുകയായിയിരുന്നു ശ്രീക്കുട്ടി.
വിവാഹം നേരത്തെ ആയിപ്പോയോ എന്ന് പലരും ചോദിക്കാറുണ്ട്. എന്നാൽ അങ്ങനെ ഒരിക്കലും തോന്നിയിട്ടില്ല എന്നും പൂർണമായും താരത്തിന്റെ മാത്രം തീരുമാനമായിരുന്നു വിവാഹമെന്നും ശ്രീക്കുട്ടി പറയുന്നു. ഒളിച്ചോടി വിവാഹം കഴിച്ചാൽ ആദ്യമൊക്കെ മാതാപിതാക്കൾ ഇവരെ എതിർത്തുവെങ്കിലും മകൾ പിറന്നതോടെ എല്ലാവരും പഴയത് പോലെ സ്നേഹത്തോടെ ആണ് കഴിയുന്നത്. സ്വന്തം ആയി യൂട്യൂബ് ചാനൽ ഉള്ള താരം തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി പങ്കു വെക്കാറുണ്ട്.