മലയാളം, തമിഴ് ചലച്ചിത്ര മേഖലയിൽ പ്രവർത്തിച്ചു വരുന്ന ഒരു അഭിനേത്രിയും നർത്തകിയുമാണ് മുക്ത. ആറാം ക്ലാസിൽ പഠിക്കുമ്പോൾ ബാലതാരമായാണ് മുക്ത തന്റെ കരിയർ ആരംഭിച്ചത്. സ്വരം എന്ന അമൃത ടിവിയിൽ സംപ്രേക്ഷണം ചെയ്ത ടെലിവിഷൻ സീരിയലിലൂടെ മുക്ത അഭിനയം ആരംഭിച്ചു. തുടർന്ന് ചലച്ചിത്ര മേഖലയിലേക്കും ചുവടു വച്ചു. 2005-ൽ പുറത്തിറങ്ങിയ ‘ഒറ്റ നാണയം’ എന്ന ചിത്രത്തിൽ സഹകഥാപാത്രത്തെ അവതരിപ്പിച്ചാണ് മുക്ത തന്റെ സിനിമ കരിയർ ആരംഭിച്ചത്.
എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് 2005-ൽ പുറത്തിറങ്ങിയ ലാൽ ജോസിന്റെ ‘അച്ഛനുറങ്ങാത്ത വീട്’ എന്ന ചിത്രത്തിലെ വേഷം മുക്തയെ തേടി എത്തിയത്. ഈ സിനിമയിൽ ലിസമ്മ എന്ന കഥാപാത്രത്തെ ആണ് മുക്ത അവതരിപ്പിച്ചത്. ഒരുപക്ഷെ ആധുനിക മലയാള സിനിമയിലെ ഏറ്റവും ശാശ്വതമായ സ്ത്രീ വേഷങ്ങളിൽ ഒന്നായിരുന്നു മുക്തയുടെ ആ കഥാപാത്രം. പിന്നീട് ആനന്ദ്, അഞ്ജലി എന്നിവർക്കൊപ്പം ‘ഫോട്ടോ’ എന്ന തെലുങ്ക് ചിത്രത്തിലും മുക്ത അഭിനയിച്ചു.
വിശാലിനൊപ്പം ‘താമിരഭരണി’ എന്ന ചിത്രത്തിലൂടെ താരം തമിഴ് സിനിമാലോകത്തേക്ക് വിജയകരമായ ചുവടുവെയ്പ് നടത്തി. പിന്നീട് നസ്രാണി, ഗോൾ തുടങ്ങിയ ചില മലയാള ചിത്രങ്ങളിലും മുക്ത അഭിനയിച്ചു. 2013-ൽ, സന്തു സംവിധാനം ചെയ്ത തന്റെ ആദ്യ കന്നഡ ചിത്രമായ ഡാർലിംഗിൽ യോഗിക്കൊപ്പം മുക്ത വേഷമിട്ടു. 2015 ഓഗസ്റ്റ് 23ന് ഗായിക റിമി ടോമിയുടെ സഹോദരൻ റിങ്കു ടോമിയുമായുള്ള മുക്തയുടെ വിവാഹനിശ്ചയം നടന്നു. ശേഷം 2015 ഓഗസ്റ്റ് 30 ന് ഇടപ്പള്ളി സെന്റ് ജോർജ്ജ് കാത്തലിക് ഫൊറോന പള്ളിയിൽ വച്ച് നടിയുടെ വിവാഹവും നടന്നു.
ദമ്പതികൾക് 2016ൽ ഒരു മകൾ ജനിച്ചു. കിയാര എന്നാണ് മകളുടെ പേര്. കണ്മണി എന്നാണ് മകളെ എല്ലാവരും വിളിക്കുന്നത്. മികച്ച ഒരു ശാസ്ത്രീയ നർത്തകി കൂടിയാണ് മുക്ത. നിരവധി സ്റ്റേജ് ഷോകളും താരം ചെയ്തിട്ടുണ്ട്. വിവാഹശേഷം ഒരു ബ്യൂട്ടി സലൂണും ഇപ്പോൾ മുക്ത കൈകാര്യം ചെയ്യുന്നുണ്ട്. വിവാഹശേഷം അഭിനയത്തിൽ നിന്നും താൽക്കാലികമായി ഒരു ഇടവേള എടുക്കുകയായിരുന്നു നടി. സിനിമയിൽ അത്ര സജീവമില്ലെങ്കിലും സോഷ്യൽ മീഡിയയിലൂടെ താരം എന്നും വിശേഷങ്ങൾ പ്രേക്ഷകർക്കായി പങ്കുവയ്ക്കാറുണ്ട്.
സ്വന്തമായി ഒരു യൂട്യൂബ് ചാനലും ഇപ്പോൾ താരത്തിനുണ്ട്. മിനി സ്ക്രീൻ പ്രോഗ്രാമുകളിലും മുക്ത സജീവമായി തുടരുന്നു. ഫ്ലവേഴ്സ് ടിവിയിൽ സംരക്ഷണം ചെയ്തിരുന്ന ‘കൂടത്തായി’ എന്ന സീരിയലിലൂടെ ആയിരുന്നു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് മിനിസ്ക്രീനിലേക്കുള്ള മുക്തയുടെ തിരിച്ചുവരവ്. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന ഒരു പരമ്പരയിലും മുക്ത ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുകയാണ്.
ആരാധകരെ ഏറെ സന്തോഷിപ്പിക്കുന്ന ഒരു പുതിയ വാർത്തയുമായാണ് താരം ഇപ്പോൾ എത്തിയിരിക്കുന്നത്. നീണ്ട 7 വർഷത്തെ ഇടവേളയ്ക്കു ശേഷം ബിഗ് സ്ക്രീനിലേക്കുള്ള മുക്തയുടെ തിരിച്ചുവരവാണ് ആ സന്തോഷവാർത്ത. ‘കുരുവി പാപ്പ’ എന്ന വിനീത് നായകനാകുന്ന ചിത്രത്തിലൂടെയാണ് മുക്തയുടെ തിരിച്ചു വരവ്. തന്നെ സപ്പോർട്ട് ചെയ്ത ഭർത്താവ് റിങ്കുവിനും മകൾ കീയാരക്കും വളരെ നന്ദി ഉണ്ട് എന്നു പറഞ്ഞുകൊണ്ടായിരുന്നു കുരുവി പാപ്പയുടെ പോസ്റ്ററുകൾ സോഷ്യൽ മീഡിയയിലൂടെ താരം പങ്കുവെച്ചത്.